Thursday, March 28

പുതിയ സന്ധ്യകള്‍ .... .


    പുതിയ സന്ധ്യകള്‍ ....  .

  ഇതും ഒരു സന്ധ്യ.... ....
പകലിന്റെ ഇക്കരെ നിന്നും  
ഇരുട്ടിന്റെ അക്കരെയ്ക്കുള്ള 
 പാലം കടക്കുമ്പോള്‍ 
 ആകാശത്തിന്റെ അതിരില്‍ 
നിമിഷായുസ്സ്  മാത്രമുള്ളൊരീ 
 ചുവന്നതെരുവ്  കാണാം ..
പ്രലോഭനങ്ങളുടെ ചെഞ്ചുണ്ടുകള്‍                                                                                                                                                                    കോര്‍ത്തു വെച്ചതുപോലുള്ളോരീ  
കാഴ്ച കാണുവാനായ്  
ഇവിടാരുമില്ലെന്നൊരു നൊമ്പരം മാത്രം...
എങ്കിലും ,
പതിവ് വേഴ്ച് ക്കായ് 
പറന്ന് പോകുന്നുണ്ട്  
ചിറകുതളര്‍ന്ന പക്ഷികള്‍ ..
ആലിംഗനങ്ങളില്‍  അലിഞ്ഞുപോകാന്‍ 
 തിടുക്കത്തില്‍ പായുന്നുണ്ട്
 പൊടിയന്മേഘങ്ങള്‍ ...
ഇവിടെ, ഈ കരയിലോ...
കൂടണയാന്‍ മറന്നുപോയൊരു 
ദേശാടനക്കാറ്റും ..
കമിതാക്കള്‍ ഉപേക്ഷിച്ച 
മണല്ക്കൂനകളും ,
സമയവേഗത്തെ ശപിക്കുന്ന 
വയോധികരും ...
പിന്നെ  ഞാനും മാത്രം...
ബാക്കിയുള്ളോരൊക്കെ...
കുംകുമപ്പൂവുകള്‍ ചൂടുന്ന ,
വശീകരണ മന്ത്രം ചൊല്ലുന്ന ,
ജാരകഥകള്‍ പറയുന്ന   ,
ടെലിവിഷന്‍  പെട്ടികള്‍ക്കു മുന്നില്‍..
ഇമചിമ്മാ ധ്യാനത്തിലായിരിക്കുമെന്ന്‌ 
എന്റെ  മനസ്സ് മന്ത്രിക്കുന്നു.....

Wednesday, March 27

ആരാധന

ജോസപ്പേട്ടനും  മുസ്തഫക്കയും ബഡാ ചങ്ങാതിമാരൊക്കെക്കെത്തന്നെയാണ് പക്ഷെ ഒരു കൊഴപ്പം മാത്രം .ജോസപ്പേട്ടന്‍  ജോണ്‍സണ്‍  മാഷുടെ  ഒരു കൊടും ഫാന്‍ ആണെങ്കില്‍  മുസ്തഫക്ക രവീന്ദ്രന്‍ മാഷിന്റെ കൊടും കൊടും ഫാന്‍. ഇവര്‍ക്കിടയില്‍ തര്‍ക്കം വരുന്ന ഒരേ വിഷയം ഈ കാര്യത്തില്‍ മാത്രം ...ഒരാള്‍ ദേവാങ്കണങ്ങള്‍ പാടിയാല്‍ മറ്റെയാള്‍ ദേവസഭാതലം പാടും....ഒരാള്‍ ആടി  വാ കാറ്റേ പാടിയാല്‍  മറ്റെയാള്‍ രാമായണക്കാറ്റെ പാടും.....അങ്ങിനെയിരിക്കെ മുസ്തഫക്കയ്ക്ക്  ഒരു കുഞ്ഞു ജനിച്ചു.രവീന്ദ്രന്മാഷിന്റെ  "മൊഴിയഴകും മിഴിയഴകും "പാട്ട് വെച്ച് കുട്ടിയെ താരാട്ട് പാടിയുറക്കുമ്പോഴാണ് ജോസപ്പേട്ടന്‍ വന്നത്.. മുറി മുഴുവന്‍ കണ്ണോടിച്ചു നോക്കിയതിനു ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് ജോസപ്പേട്ടന്‍ ചോദിച്ചു..
"അല്ല പഹയാ...ഒടുക്കം നിന്റെ കുഞ്ഞിനു തേക്കാനുള്ള സോപ്പ് നീ നമ്മടെ ജോണ്സണ്‍ മാഷുടെ പേരുള്ളതു തന്നെ വാങ്ങേണ്ടി വന്നുല്ലേ...ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ ...അങ്ങിനെ തന്നെ വേണം ..
ഹ ഹ "
അതിനു ജോസപ്പേട്ടനെ അമ്പരപ്പിച്ചു കൊണ്ട്  മുസ്തഫക്ക പറഞ്ഞ ഉത്തരം ഇതായിരുന്നു..."ഒന്ന് പോടാ ...ഞാന്‍ പോകുമ്പോഴേക്കും രവീന്ദ്രന്‍&രവീന്ദ്രന്‍ സോപ്പൊക്കെ വിറ്റു പോയിരുന്നു...അത്രയ്ക്ക് ഡിമാണ്ട് അല്ലെ...പിന്നെ നിവര്‍ത്തി കേടുകൊണ്ട് ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ വങ്ങേണ്ടി വന്നു...അത്രന്നെ..."
-- 

ചലച്ചിത്രങ്ങള്‍ക്ക് ഇതാ ചില തത്വങ്ങള്‍


സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതാ നായകന്‍  സിഗരറ്റിനു തീ കൊളുത്തുന്നു .. പുക ഉയരുന്നതിന് മുന്പേ തന്നെ സ്ക്രീനിന്റെ കോണില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന ഒരു അറിയിപ്പും ...ഹോ ആ അറിയിപ്പില്ലായിരുന്നെങ്കില്‍ ജനങ്ങളൊക്കെ വഴിതെറ്റിയേനെ ... അഞ്ചു മിനുട്ട് കഴിയും മുമ്പേ  നായകനും കൂട്ടരും വെള്ളമടിക്കുന്ന രംഗം .അപ്പോഴും വന്നു മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന അറിയിപ്പ് ..ഇതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരുന്നു .. കാണികളൊക്കെ അറിയിപ്പ് വായിച്ചു വീണ്ടും വീണ്ടും സന്മാര്‍ഗ്ഗികളായിക്കൊണ്ടിരുന്നു .. അങ്ങിനെയെങ്കില്‍ കാണികളെ കൂടുതല്‍ നല്ലവരാക്കാനുള്ള ഒരു പുതിയ ആലോചന ഇവിടെ പങ്കുവെക്കട്ടെ .. 
       1. കയ്യില്‍ അരിവാളുമായ്  വില്ലന്‍ പാവപ്പെട്ട ചെറുപ്പക്കാരന്റെ പുറകെ ഓടുമ്പോള്‍ "റൌഡിയിസം നാടിനും വീടിനും ആപത്ത് " എന്നെഴുതി കാണിച്ചുകൊണ്ടെയിരിക്കുക 

      2.  റോഡരികിലെ മതിലിലിരുന്നു പാവപ്പെട്ട പെണ്‍കുട്ടികളെ കമന്റടിക്കുന്ന അലവലാതി ഷാജിമാര്‍ സീനില്‍ വരുമ്പോള്‍ "വായനോട്ടം ഒരു സാമൂഹ്യ വിപത്ത് "എന്നോ "നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും "         എന്നോ    എഴുതിക്കാണിക്കുക . 
       3. വില്ലന്‍ നായികയെ മാനഭംഗ പ്പെടുത്തുമ്പോള്‍   "മാനഭംഗം ഒരു മഹാപാതകം "എന്നെഴുതിക്കാണിക്കുക 

     4. അവിഹിത ബന്ധങ്ങള്‍ കാണിക്കുമ്പോള്‍ "അന്യന്റെ മുതലിനെ ആശിക്കരുത് " എന്ന് വലിയ അക്ഷരത്തില്‍ എഴുതിക്കാണിക്കുക 
    5.  കൈക്കൂലി വാങ്ങുന്ന രംഗങ്ങളില്‍ "കൈക്കൂലി ഒരു ദുരാചാരം " എന്നും  ഉദിത് നാരായണന്‍ പാടുമ്പോള്‍  "ഭാഷാഹത്യ ആത്മഹത്യക്ക് തുല്യം " എന്നോ എഴുതിക്കാണിക്കുന്നത്  നല്ലതായിരിക്കില്ലെ... 
     ചലചിത്രങ്ങള്‍ കണ്ടുകൊണ്ട് ഒരു നല്ല സമൂഹം ഇവിടെ ഉരുത്തിരിയട്ടെ 
                       നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അറിയിച്ച് കൊള്ളുക (ഇത്തരം പോസ്റ്റുകള്‍ക്ക്‌  ലൈക്കും കമ്മന്റും നല്‍കുന്നത് മനസ്സിനും ശരീരത്തിനും വളരെ ഉത്തമമാണെന്ന്  അറിയിച്ചു കൊള്ളുന്നു )

                                          ശുഭം ..........(.ബിജു )

dense forest ,
in a careless walk ,
i lost my sky.....

ഇരുള്‍ക്കാട് ..
ഒറ്റയടിപ്പാതയില്‍ നഷ്ടപ്പെട്ടത് 
എനിക്കെന്‍റെ  ആകാശം...

സൈബർ കാമുകൻ

പ്രിൻറർ റിബ്ബണ്‍ 
കാണുമ്പോഴെല്ലാം 
അവളുടെ  റിബ്ബണ്‍കെട്ടിയ 
മുടിയിഴകളുടെ 
ഓർമ്മകൾ ,
സ്മൈലികൾ  കാണുമ്പോൾ 
അവളുടെ  
നവരസങ്ങളുടെ ഓർമ്മകൾ.. 
എത്ര തവണ റീ സ്റ്റാർട്ട് ചെയ്താലും 
ഹാങ്ങ്‌  ആകിപ്പോകുന്നല്ലോ മനസ്സ് .... 
... (മൈക്രോസോഫ്റ്റ്  വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌  ഒരു സൈബർ  കാമുകൻ )