Saturday, June 15

രാത്രിമഴയുടെ പ്രസക്തഭാഗങ്ങൾ 
പുന:സംപ്രേക്ഷണം ചെയ്തുതന്നു 
മുറ്റത്തെ മരം ....

Sunday, May 5

ഒരു ഐ പി എൽ വീര ഗാഥ

ഒരു ഐ പി എൽ വീര ഗാഥ
....................................
ചരിത്രത്തിൽ ആദ്യമായ് ഐ പി എൽ മത്സരങ്ങളെ നിയന്ത്രിക്കാൻ രണ്ടു മലയാളി അമ്പയർമാർ . തൃശൂരിന്റെ പോന്നോമനപുത്രൻ പുഷ്ക്കരേട്ടനും കാസർഗോഡ് നീലേശ്വരം സ്വദേശി ഉമ്പായി യും ...
ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ബാറ്റ്സ്മാന്റെ പാഡിൽ തട്ടിയപ്പോൾ തന്നെ ആരോ മർമ്മസ്ഥാനത്ത് അടിച്ച ഭാവത്തോടെ ആ ബൌളർ തിരിഞ്ഞു നിന്ന് അലറാൻ തുടങ്ങി .ക്രിക്കറ്റ്‌ ഭാഷയിൽ പറഞ്ഞാൽ അപ്പീൽ ... ചിലരുടെ അപ്പീലുകൾ കണ്ടാൽ ചങ്കു കലങ്ങിപ്പോകും . ആകാംഷ മുറ്റി നിന്ന ആ അപ്പീൽ രംഗത്തിനോടുവിൽ നമ്മുടെ അമ്പയർ പുഷ്കരേട്ടൻ കൈ ഉയർത്തി . ആ വിരലിന്റെ അറ്റത് ഒരു മുദ്ര വിരിഞ്ഞു. ഈ കാലഘട്ടത്തിലെ മനുഷ്യർ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു മുദ്ര. തള്ളവിര ൽ ഉയർത്തി വെച്ച് കൊണ്ടുള്ള ആ വിഖ്യാത മുദ്രയുടെ പേരാണ് 'ലൈക്‌ മുദ്ര '. ഇന്ഗ്ലിഷിൽ thumbs up . ..കാണികൾക്ക് ഒന്നും മനസ്സിലായില്ല ഇങ്ങനെയൊരു മുദ്ര ക്രിക്കെറ്റിൽ ആദ്യമായിട്ടാ കാണുന്നത് .ഔട്ട്‌ ആയാൽ ചൂണ്ടു വിരലല്ലേ ഉയർത്തി ക്കാണി ക്കേണ്ടത് . ഔട്ട് ആയിട്ടും പോകാൻ മടിക്കുന്ന കളിക്കാരോട് ചില അമ്പയർമാർ നടുവിരലും ഉയർ ത്തിക്കാണി ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട് . കളിക്കാരുടെ അമ്പരപ്പുനിറഞ്ഞ നോട്ടങ്ങൾ അമ്പയറുടെ കൂളിംഗ് ഗ്ലാസ്സിൽ തട്ടി ചിതറുമ്പോഴും അയാളുടെ കണ്ണുകൾ ഏതോ ഒരു പ്രത്യേക ബിന്ദുവിൽ മാത്രമായ് തറച്ചു നില്ക്കുന്നുണ്ടായിരുന്നു . . ആ സമയത്ത് ലെഗ് അമ്പയർ ഉമ്പായി അരിശത്തോടെ ഓടി വന്ന് സ്റ്റമ്പ് മൈക്കിലൂടെ ജനങ്ങൾ ഇതൊക്കെ കേൾക്കും എന്നുപോലും ഓർക്കാതെ ആക്രോശിച്ചു .."എന്റെ പുഷ്ക്കരേട്ട . ഓൻ ഓടി വന്നു എറിയുന്ന സമയത്തെങ്കിലും ങ്ങക്ക് ആ ചിയർ ഗേൾസിന്റെ ദേഹത്ത് നിന്നും കണ്ണെടു ക്കാൻ പാടില്ലേ .. അയാള്ടെ ഒരു മുദ്ര ... .... . ഫ്ഫാ ... " ശക്തമായ ആ ആട്ടിൽ തെറിച്ചു പോയ ബെയ്ൽസ് പുഷ്ക്കരൻ അമ്പയർ തിരിച്ചു വെക്കുമ്പോഴും കഥയൊന്നു മറിയാത്ത ചിയർ ഗേൾസ്‌ അപസ്മാരം പിടിച്ച വരെപ്പോലെ തുള്ളിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..

Monday, April 15

ന്യൂ ജനറേഷൻ കിളിപ്പാട്ട്

വാർഷികപ്പരീക്ഷയ്ക്കു കിളിപ്പാട്ടിനെക്കുറിച്ച് അഞ്ചു വാചകങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ ന്യൂ ജനറേഷൻ പയ്യന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല .ആവൻ എഴുതി
രാമനും സീതയും രഥത്തിൽ സായഹ്നസവാരിക്കിറങ്ങുമ്പോൾ ഡ്രൈവറെ കൂടാതെ ഒരു കിളിയെ കൂടി കൂട്ടാറുണ്ടായിരുന്നു . ബോറടിക്കുമ്പോൾ രാമൻ ഈ കിളിയോട് പാടാൻ പറയും . (താജുദീൻ അയോദ്ധ്യ എന്നോ മറ്റോ ആയിരുന്നു ആ കിളിയുടെ പേര്) .ആങ്ങനെ ഈ കിളി പാടുന്ന പാട്ടുകൾ സമാഹരിച്ചു തുഞ്ച ത്തെഴുത്തച്ചൻ ഉണ്ടാക്കിയ ആൽബമാണ് പിൽക്കാലത്ത്‌ അധ്യാത്മ രാമായണം കിളിപ്പാട്ട് എന്നാ പേരിൽ അറിയപ്പെട്ടത് . ക്ലീനർ സോങ്ങ്സ് എന്ന ഇതിന്റെ ഇംഗ്ലിഷ് വേർ ഷനും വിപണിയിൽ സുലഭമാണ് . .
(ബിജു)

ബംഗാളി

ബംഗാളി
---------------
ഉത്തരേന്ത്യക്കാരെ മുഴുവൻ ബംഗാളി എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ഫാഷൻ എന്ന് തോന്നുന്നു .അവരുടെ കണ്ണിൽ ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികളും . ഇന്നലെ ഗഫൂർക്കയും ഞാനും പോയ ഹോട്ടലിലും ഉണ്ടായിരുന്നു ഒരു ബംഗാളിപ്പയ്യൻ .ഇവൻ പക്ഷെ ഒറിജിനൽ ബംഗാളി തന്നെയായിരുന്നു . ഗഫൂർ ക്കയും അവനും തമ്മിലുള്ള സംഭാഷണ ങ്ങളിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ
"അരെ ഭായ് കഴിക്കാനെന്തൊക്കെയാ ഉള്ളത് ?" കയിക്കാനെന്താണ്ടാ എന്ന് സാധാരണ ചോദിക്കാറുള്ള ഗഫൂർക്ക ഈ അന്യസംസ്ഥാനക്കാരന്റെ മുന്നില് ഒരു ഭാഷാ വിദഗ്ദ്ധനെ പ്പോലെ പെരുമാറുന്നത് കണ്ടപ്പോൾ അതിശയം തോന്നി .
"സാബ് ...മോസല്ല ദോശ "
"ഇബ്ടുത്തെ ദോശ മോശല്ലന്നു നമ്മക്കറി യാം . അത് നീ പഠിപ്പിക്കണ്ട "ഗഫൂർക്ക സ്വന്തം ഭാഷയിലേക്ക് തിരിച്ചു വന്നു
"നഹി സാബ് " അവൻ ആദ്യം പറഞ്ഞത് തന്നെ അംഗ ചലനങ്ങൾ ക്കൊപ്പം ആവർ ത്തിച്ചു

"ഓ . . മസാല ദോശ. ഹ ഹ എന്താ നിന്റെ പേര് "
"റൊബി "
"ആഹാ .. രവി അല്ലെ ?" ബംഗാളികൾ അകാരത്തിന് പകരം ഒ കാരവും 'വ 'എന്നുപറയുന്നിടത് 'ബ 'എന്നുമാണ് പറയാറുള്ളത് എന്ന് ഗഫൂർക്കായ്ക്കു പണ്ടേ അറിയാവുന്ന കാര്യമായിരുന്നു . അതുകൊണ്ട് തന്നെ ബിബാഷ ബസു വിനെ ഗഫൂർക്ക വിവാസ വാസു എന്നാണു പറയാറുള്ളത് .
' ബേറെ എന്തൊക്കെയാ കയിക്കാനുള്ളത് "?

"സാബ് .. കരിമീൻ പൊള്ളി ചത്തു " അവൻ പറഞ്ഞു
"അയ്യോ കഷ്ടായിപ്പോയല്ലോ മോനെ ,ബന്ധുക്കളെയൊക്കെ വിവരമറിയിച്ചോ .എപ്പോഴാ ഖബറടക്കം "
മിഴിച്ചു നില്ക്കുന്ന പയ്യനെ നോക്കി ഗഫൂര്ക്ക അലറി ."എടാ പൊള്ളി ചത്തു അല്ല. പൊള്ളിച്ചത് . ബാസ സെരിക്കും പറയാൻ കയ്യാത്ത നീയൊന്നും ഈ ഹോട്ടലിൽ നിന്നാൽ സരിയാവൂല്ല ...നെന്റെ മൊയലാളി നെ ഇപ്പ തന്നെ കാണട്ടെ ഞാൻ .. "
ദേഷ്യത്തോടെ എഴുന്നേറ്റുപോയ ഗഫൂർക്ക അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ ശാന്തനായി തിരിച്ചു വന്നു .
"അല്ലെങ്കി വേണ്ട .. പാവം "
"എന്താ കാര്യം ഇക്കാ " ഞാൻ ചോദിച്ചു
"നീ അത് കേട്ടാ ?" ഇക്കാ പുറത്തേക്കു വിരൽ ചൂണ്ടി
റോഡിന്റെ മറുവശത്തുള്ള സ്കൂളിൽ നിന്നും ജനഗണമന കേൾക്കു ന്നുണ്ടായിരുന്നു .
"മ്മടെ ദേശീയ ഗാനം ഓന്റെ ബാസയിൽ ഉള്ളതാ . എത്രയോ കാലായിട്ട് നമ്മൾ അത് പാടുന്നു .. "രാവിലെ ഉച്ചലെ വങ്കാ" എന്നൊക്കെ തെറ്റിച്ചു പാടിയിട്ടല്ലേ മോനെ നീയും ഞാനുമൊക്കെ ഇബ്ടവരെയെത്തിയത് ..എന്നിട്ട് ഓനെ നമ്മൾ ബാസെന്റെ കാര്യത്തില് കുറ്റം പറയുന്നത് ശരിയല്ല .."
ആരാധനയോടെ ഇക്കയെ നോക്കിയിരിക്കുമ്പോൾ എന്നോട് കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇക്ക ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
"മോനെ റോബി .. പൊള്ളിച്ചത്ത കരിമീൻ രണ്ടു പ്ലേറ്റ് ...
-------------------------------------------------------------------------------------------------------

സഹപാഠി

വഴിയിൽ
പഴയൊരു
സഹപാഠിയെക്കണ്ടു
പരിഭവങ്ങൾ
പൊട്ടിച്ചിരികൾ
കുശലങ്ങൾ
യാത്രാമൊഴികൾ
മനസ്സു വല്ലാതെ
നിറഞ്ഞു തുളുമ്പി
ഇപ്പോൾ,
എന്നെ കുഴക്കുന്നത്
ഒരേയൊരു ചോദ്യം മാത്രം .
എന്തായിരിക്കും
അവളുടെ പേര് ?

ഒരു പഞ്ചാരക്കഥ -----------------------

ഒരു പഞ്ചാരക്കഥ
-----------------------
പതിവുപോലെ ഭാര്യ കൊടുത്ത പാവക്കാ ജ്യുസും കുടിച്ച്‌ വീട്ടിൽ നിന്നിറങ്ങി തെരുവോ രത്തെ ബെക്കറിയിൽ നിന്ന് ഒരു ജിലേബിയും വാങ്ങിത്തി ന്ന്
ഷുഗർ ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോൾ അയാൾ ഡോക്ടറോട് പറഞ്ഞു
" എനിക്ക് ഭാര്യയും ഷുഗറും ഒരുപോലെയാ സാർ "
അത് കേട്ട് ഡോക്ടർ പുഞ്ചിരിച്ചു .."ഓ ,മധുരമുള്ള പ്രിയതമ അല്ലെ ? നല്ല കാര്യം "
" അതല്ല ",,,ഒരു അർദ്ധ വിരാമത്തിനു ശേഷം മടുപ്പ് കലർന്ന സ്വരത്തിൽ അയാൾ തുടർന്നു.." ഇത് രണ്ടിനെയും കണ്ട്രോൾ ചെയ്യാൻഎത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ട് പറ്റുന്നില്ല സർ " ...

ചില കൊടും വേനൽ വാർത്തകൾ

ചില കൊടും വേനൽ  വാർത്തകൾ 

മേലധികാരിയുടെ മിന്നൽ  സന്ദർശനം ഉണ്ടാകുമെന്ന്  സൂര്യനോട്  ആരോ കള്ളം പറഞ്ഞതിനാലാണ്   ഇത്രയും  തീവ്രമായും ആത്മാർഥമായും  സൂര്യൻ  അധ്വാനിക്കുന്നതെന്നും സൂര്യന്റെ തെറ്റിദ്ധാരണ മാറ്റാൻ മുഖ്യമന്ത്രി ശ്രമിച്ചു വരുന്നുണ്ടെന്നും  ഞങ്ങളുടെ പ്രതിനിധി വാണി ആകാശത്തുനിന്നും റിപ്പോർട്ട്‌ ചെയ്യുന്നു 


പാലക്കാട്  ചില പുരോഗമന ചിന്താഗതിക്കാരായ കാളകൾ  ചൂടുമായ് പൊരുത്തപ്പെടാൻ വേണ്ടി ഒട്ടകമാകാനുള്ള ഓപ്പറേഷന് വിധേയരായി . ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഗൾഫ്‌ മണലാരണ്യങ്ങളിലെ ഒട്ടകങ്ങൾ മരുഭൂമിയിൽ ഒട്ടകച്ചങ്ങല  നടത്തി .

വേനൽ പ്രമാണിച്ച് വാട്ടർ  അതോറിട്ടി ജലവിതരണത്തിൽ പുതിയ ചില മാതൃകകൾ പരീക്ഷിക്കുന്നു . ഇത് പ്രകാരം sLays എന്നചിപ്സ് കമ്പനിയുടെ പാക്കറ്റുകളുടെ മാതൃകയിൽ ജലവിതരണ പൈപ്പുകളിലും വായുവിനാണ് മുൻഗണന എന്നും അറിയാൻ കഴിയുന്നു.  ..
       കൊടുംചൂടിന്നിടയിലും കേരളത്തിലെ പ്രേക്ഷകരുടെ  മനസ്സിൽ   കുളിർമാരിയായ്  ചില ഗണേശോൽസവങ്ങൾ    വീണ്ടും വീണ്ടും ഉണ്ടാകട്ടെ എന്ന   പ്രതീക്ഷയോടെ  ഈ വാർത്താബുൾ ഷിറ്റ് അവസാനിപ്പിക്കുന്നു .... ഞങ്ങളുടെ അടുത്ത വാർ ത്താ  ബുൾഷിറ്റ്‌ രാത്രി 1 0 മണിക്ക് ..
.          
           

Thursday, March 28

പുതിയ സന്ധ്യകള്‍ .... .


    പുതിയ സന്ധ്യകള്‍ ....  .

  ഇതും ഒരു സന്ധ്യ.... ....
പകലിന്റെ ഇക്കരെ നിന്നും  
ഇരുട്ടിന്റെ അക്കരെയ്ക്കുള്ള 
 പാലം കടക്കുമ്പോള്‍ 
 ആകാശത്തിന്റെ അതിരില്‍ 
നിമിഷായുസ്സ്  മാത്രമുള്ളൊരീ 
 ചുവന്നതെരുവ്  കാണാം ..
പ്രലോഭനങ്ങളുടെ ചെഞ്ചുണ്ടുകള്‍                                                                                                                                                                    കോര്‍ത്തു വെച്ചതുപോലുള്ളോരീ  
കാഴ്ച കാണുവാനായ്  
ഇവിടാരുമില്ലെന്നൊരു നൊമ്പരം മാത്രം...
എങ്കിലും ,
പതിവ് വേഴ്ച് ക്കായ് 
പറന്ന് പോകുന്നുണ്ട്  
ചിറകുതളര്‍ന്ന പക്ഷികള്‍ ..
ആലിംഗനങ്ങളില്‍  അലിഞ്ഞുപോകാന്‍ 
 തിടുക്കത്തില്‍ പായുന്നുണ്ട്
 പൊടിയന്മേഘങ്ങള്‍ ...
ഇവിടെ, ഈ കരയിലോ...
കൂടണയാന്‍ മറന്നുപോയൊരു 
ദേശാടനക്കാറ്റും ..
കമിതാക്കള്‍ ഉപേക്ഷിച്ച 
മണല്ക്കൂനകളും ,
സമയവേഗത്തെ ശപിക്കുന്ന 
വയോധികരും ...
പിന്നെ  ഞാനും മാത്രം...
ബാക്കിയുള്ളോരൊക്കെ...
കുംകുമപ്പൂവുകള്‍ ചൂടുന്ന ,
വശീകരണ മന്ത്രം ചൊല്ലുന്ന ,
ജാരകഥകള്‍ പറയുന്ന   ,
ടെലിവിഷന്‍  പെട്ടികള്‍ക്കു മുന്നില്‍..
ഇമചിമ്മാ ധ്യാനത്തിലായിരിക്കുമെന്ന്‌ 
എന്റെ  മനസ്സ് മന്ത്രിക്കുന്നു.....

Wednesday, March 27

ആരാധന

ജോസപ്പേട്ടനും  മുസ്തഫക്കയും ബഡാ ചങ്ങാതിമാരൊക്കെക്കെത്തന്നെയാണ് പക്ഷെ ഒരു കൊഴപ്പം മാത്രം .ജോസപ്പേട്ടന്‍  ജോണ്‍സണ്‍  മാഷുടെ  ഒരു കൊടും ഫാന്‍ ആണെങ്കില്‍  മുസ്തഫക്ക രവീന്ദ്രന്‍ മാഷിന്റെ കൊടും കൊടും ഫാന്‍. ഇവര്‍ക്കിടയില്‍ തര്‍ക്കം വരുന്ന ഒരേ വിഷയം ഈ കാര്യത്തില്‍ മാത്രം ...ഒരാള്‍ ദേവാങ്കണങ്ങള്‍ പാടിയാല്‍ മറ്റെയാള്‍ ദേവസഭാതലം പാടും....ഒരാള്‍ ആടി  വാ കാറ്റേ പാടിയാല്‍  മറ്റെയാള്‍ രാമായണക്കാറ്റെ പാടും.....അങ്ങിനെയിരിക്കെ മുസ്തഫക്കയ്ക്ക്  ഒരു കുഞ്ഞു ജനിച്ചു.രവീന്ദ്രന്മാഷിന്റെ  "മൊഴിയഴകും മിഴിയഴകും "പാട്ട് വെച്ച് കുട്ടിയെ താരാട്ട് പാടിയുറക്കുമ്പോഴാണ് ജോസപ്പേട്ടന്‍ വന്നത്.. മുറി മുഴുവന്‍ കണ്ണോടിച്ചു നോക്കിയതിനു ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് ജോസപ്പേട്ടന്‍ ചോദിച്ചു..
"അല്ല പഹയാ...ഒടുക്കം നിന്റെ കുഞ്ഞിനു തേക്കാനുള്ള സോപ്പ് നീ നമ്മടെ ജോണ്സണ്‍ മാഷുടെ പേരുള്ളതു തന്നെ വാങ്ങേണ്ടി വന്നുല്ലേ...ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ ...അങ്ങിനെ തന്നെ വേണം ..
ഹ ഹ "
അതിനു ജോസപ്പേട്ടനെ അമ്പരപ്പിച്ചു കൊണ്ട്  മുസ്തഫക്ക പറഞ്ഞ ഉത്തരം ഇതായിരുന്നു..."ഒന്ന് പോടാ ...ഞാന്‍ പോകുമ്പോഴേക്കും രവീന്ദ്രന്‍&രവീന്ദ്രന്‍ സോപ്പൊക്കെ വിറ്റു പോയിരുന്നു...അത്രയ്ക്ക് ഡിമാണ്ട് അല്ലെ...പിന്നെ നിവര്‍ത്തി കേടുകൊണ്ട് ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ വങ്ങേണ്ടി വന്നു...അത്രന്നെ..."
-- 

ചലച്ചിത്രങ്ങള്‍ക്ക് ഇതാ ചില തത്വങ്ങള്‍


സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതാ നായകന്‍  സിഗരറ്റിനു തീ കൊളുത്തുന്നു .. പുക ഉയരുന്നതിന് മുന്പേ തന്നെ സ്ക്രീനിന്റെ കോണില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന ഒരു അറിയിപ്പും ...ഹോ ആ അറിയിപ്പില്ലായിരുന്നെങ്കില്‍ ജനങ്ങളൊക്കെ വഴിതെറ്റിയേനെ ... അഞ്ചു മിനുട്ട് കഴിയും മുമ്പേ  നായകനും കൂട്ടരും വെള്ളമടിക്കുന്ന രംഗം .അപ്പോഴും വന്നു മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന അറിയിപ്പ് ..ഇതങ്ങനെ തുടര്‍ന്ന് കൊണ്ടേയിരുന്നു .. കാണികളൊക്കെ അറിയിപ്പ് വായിച്ചു വീണ്ടും വീണ്ടും സന്മാര്‍ഗ്ഗികളായിക്കൊണ്ടിരുന്നു .. അങ്ങിനെയെങ്കില്‍ കാണികളെ കൂടുതല്‍ നല്ലവരാക്കാനുള്ള ഒരു പുതിയ ആലോചന ഇവിടെ പങ്കുവെക്കട്ടെ .. 
       1. കയ്യില്‍ അരിവാളുമായ്  വില്ലന്‍ പാവപ്പെട്ട ചെറുപ്പക്കാരന്റെ പുറകെ ഓടുമ്പോള്‍ "റൌഡിയിസം നാടിനും വീടിനും ആപത്ത് " എന്നെഴുതി കാണിച്ചുകൊണ്ടെയിരിക്കുക 

      2.  റോഡരികിലെ മതിലിലിരുന്നു പാവപ്പെട്ട പെണ്‍കുട്ടികളെ കമന്റടിക്കുന്ന അലവലാതി ഷാജിമാര്‍ സീനില്‍ വരുമ്പോള്‍ "വായനോട്ടം ഒരു സാമൂഹ്യ വിപത്ത് "എന്നോ "നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും "         എന്നോ    എഴുതിക്കാണിക്കുക . 
       3. വില്ലന്‍ നായികയെ മാനഭംഗ പ്പെടുത്തുമ്പോള്‍   "മാനഭംഗം ഒരു മഹാപാതകം "എന്നെഴുതിക്കാണിക്കുക 

     4. അവിഹിത ബന്ധങ്ങള്‍ കാണിക്കുമ്പോള്‍ "അന്യന്റെ മുതലിനെ ആശിക്കരുത് " എന്ന് വലിയ അക്ഷരത്തില്‍ എഴുതിക്കാണിക്കുക 
    5.  കൈക്കൂലി വാങ്ങുന്ന രംഗങ്ങളില്‍ "കൈക്കൂലി ഒരു ദുരാചാരം " എന്നും  ഉദിത് നാരായണന്‍ പാടുമ്പോള്‍  "ഭാഷാഹത്യ ആത്മഹത്യക്ക് തുല്യം " എന്നോ എഴുതിക്കാണിക്കുന്നത്  നല്ലതായിരിക്കില്ലെ... 
     ചലചിത്രങ്ങള്‍ കണ്ടുകൊണ്ട് ഒരു നല്ല സമൂഹം ഇവിടെ ഉരുത്തിരിയട്ടെ 
                       നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അറിയിച്ച് കൊള്ളുക (ഇത്തരം പോസ്റ്റുകള്‍ക്ക്‌  ലൈക്കും കമ്മന്റും നല്‍കുന്നത് മനസ്സിനും ശരീരത്തിനും വളരെ ഉത്തമമാണെന്ന്  അറിയിച്ചു കൊള്ളുന്നു )

                                          ശുഭം ..........(.ബിജു )

dense forest ,
in a careless walk ,
i lost my sky.....

ഇരുള്‍ക്കാട് ..
ഒറ്റയടിപ്പാതയില്‍ നഷ്ടപ്പെട്ടത് 
എനിക്കെന്‍റെ  ആകാശം...

സൈബർ കാമുകൻ

പ്രിൻറർ റിബ്ബണ്‍ 
കാണുമ്പോഴെല്ലാം 
അവളുടെ  റിബ്ബണ്‍കെട്ടിയ 
മുടിയിഴകളുടെ 
ഓർമ്മകൾ ,
സ്മൈലികൾ  കാണുമ്പോൾ 
അവളുടെ  
നവരസങ്ങളുടെ ഓർമ്മകൾ.. 
എത്ര തവണ റീ സ്റ്റാർട്ട് ചെയ്താലും 
ഹാങ്ങ്‌  ആകിപ്പോകുന്നല്ലോ മനസ്സ് .... 
... (മൈക്രോസോഫ്റ്റ്  വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌  ഒരു സൈബർ  കാമുകൻ )