പുതിയ സന്ധ്യകള്‍ .... .
ഇതും ഒരു സന്ധ്യ.... ....
പകലിന്റെ ഇക്കരെ നിന്നും
ഇരുട്ടിന്റെ അക്കരെയ്ക്കുള്ള
പാലം കടക്കുമ്പോള്‍
ആകാശത്തിന്റെ അതിരില്‍
നിമിഷായുസ്സ് മാത്രമുള്ളൊരീ
ചുവന്നതെരുവ് കാണാം ..
പ്രലോഭനങ്ങളുടെ ചെഞ്ചുണ്ടുകള്‍ കോര്‍ത്തു വെച്ചതുപോലുള്ളോരീ
കാഴ്ച കാണുവാനായ്
ഇവിടാരുമില്ലെന്നൊരു നൊമ്പരം മാത്രം...
എങ്കിലും ,
പതിവ് വേഴ്ച് ക്കായ്
പറന്ന് പോകുന്നുണ്ട്
ചിറകുതളര്‍ന്ന പക്ഷികള്‍ ..
ആലിംഗനങ്ങളില്‍ അലിഞ്ഞുപോകാന്‍
തിടുക്കത്തില്‍ പായുന്നുണ്ട്
പൊടിയന്മേഘങ്ങള്‍ ...
ഇവിടെ, ഈ കരയിലോ...
കൂടണയാന്‍ മറന്നുപോയൊരു
ദേശാടനക്കാറ്റും ..
കമിതാക്കള്‍ ഉപേക്ഷിച്ച
മണല്ക്കൂനകളും ,
സമയവേഗത്തെ ശപിക്കുന്ന
വയോധികരും ...
പിന്നെ ഞാനും മാത്രം...
ബാക്കിയുള്ളോരൊക്കെ...
കുംകുമപ്പൂവുകള്‍ ചൂടുന്ന ,
വശീകരണ മന്ത്രം ചൊല്ലുന്ന ,
ജാരകഥകള്‍ പറയുന്ന ,
ടെലിവിഷന്‍ പെട്ടികള്‍ക്കു മുന്നില്‍..
ഇമചിമ്മാ ധ്യാനത്തിലായിരിക്കുമെന്ന്
എന്റെ മനസ്സ് മന്ത്രിക്കുന്നു.....
No comments:
Post a Comment